Followers

Sunday, 25 December 2022

പ്രിയങ്കരി

ഉണരുന്നു ഏകനായ്, ഉഷസ്സേ
നിലം തേടുന്നു വിരിയാൻ ഇനിയും.
പോരുന്നു കലമാൻ കനവോ
മഴ മായ്ക്കുന്ന കാൽപ്പാടുകൾ തേടി!

ഈണം ചേർന്ന് വിങ്ങലുകൾ
പാടി മറഞ്ഞ ഇന്നലെകളിൽ
വേഴാമ്പലായ് തേടുന്നതും അവളെ.

കനകസൗകുമാര്യം ഇനിയെന്ന്, എൻ ഉഷസ്സേ
നയനങ്ങൾക്കമൃതമാകും!
ഋതുഭേതങ്ങൾ ഇനിയെന്ന് ഈ ഗഗനത്തിന്
പ്രിയങ്കരമാകും!

Tuesday, 19 April 2022

അറിയാതെ പോയതിതൊന്നുതന്നെ!

പകൽത്തിരകളിൽ മറഞ്ഞ
നക്ഷത്രകൂടാരത്തിലിരുന്ന 
വെൺപൊട്ടിനിന്നെന്തു ചന്തം!
കൺമുന്നിൽ നിന്നകന്നിരുന്ന 
നിൻ മനസ്സിലെന്നും കുടിയിരുന്ന 
ആമ്പൽച്ചെടികൾക്ക് നിറവസന്തം!

മേടമാസപ്പുലരിയിൽ 
മഞ്ഞപട്ടണിഞ്ഞ രാജവീഥിയിൽ 
കണ്ണനെ കാത്ത രാധമാർ 
അറിഞ്ഞില്ല കണ്ണനവർക്കുള്ളിലെന്ന്‌.
കസ്തൂരി തേടി നടന്ന മാനും 
കണ്ണനെ തേടി അലഞ്ഞ നീയും 
അറിയാതെ പോയതിതൊന്നുതന്നെ!